ഞായറാഴ്ച്ചകളില്‍ കടകളും സ്ഥാപനങ്ങളും തുറക്കരുത്;

Spread the love

തിരുവനന്തപുരം: ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടകള്‍, ഓഫീസുകള്‍ എന്നിവ അന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ പുറത്തിറങ്ങാതിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ സവിശേഷതകള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച പൊതുവായ മാര്‍ഗനിര്‍ദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നുകൊണ്ടായിരിക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടനെ പുറപ്പെടുവിക്കുമെന്നും അറിയിച്ചു.

കേന്ദ്രത്തിന്റെ മാനദണ്ഡമനുസരിച്ച് രാജ്യത്തുളള ജില്ലകളെ മൂന്നായി തരം തിരിച്ചിരിക്കുകയാണ്. റെഡ്, ഗ്രീന്‍, ഓറഞ്ച്. 21 ദിവസമായി കോവിഡ് പോസിറ്റീവ് കേസുകളില്ലാത്തവയാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുക. റെഡ് സോണ്‍ ജില്ലകളിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. എന്നാല്‍ മറ്റുപ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും.

ഹോട്ട്സ്പോട്ടുകളായ നഗരസഭകളുടെ കാര്യത്തില്‍ ഏത് വാര്‍ഡോ ഡിവിഷനാണോ ഹോട്ട്സ്പോട്ടായിട്ടുള്ളത് അത് അടച്ചിടുകയാണ് തീരുമാനിച്ചിരുന്നത്. ഇത് പഞ്ചായത്തുകളില്‍ കൂടി വ്യാപിപ്പിക്കുകയാണ്. ഇതില്‍ വാര്‍ഡും അതിനോട് കൂടിചേര്‍ന്നുകിക്കുന്ന വാര്‍ഡുകളും വേണമെങ്കില്‍ അടച്ചിടും. പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാക്കും.

ഗ്രീന്‍സോണുകളില്‍ പൊതുവിലുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. കേന്ദ്രസര്‍ക്കാര്‍ പൊതുവായി അനുവദിച്ച ഇളവുകള്‍ സംസ്ഥാനത്ത് ആകെ നടപ്പാക്കുകയാണ്. ചില കാര്യങ്ങളില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും അനുവദനീയമല്ലാത്ത കാര്യങ്ങള്‍ ഗ്രീന്‍സോണില്‍ അടക്കം പാടില്ല.