ഭവനവായ്പ ബാങ്ക്കാരുടെ ഔദാര്യം അല്ല. എന്നാൽ നിങ്ങളുടെ അവകാശവുമല്ല.

Spread the love
ഭവനവായ്പ ബാങ്ക്കാരുടെ #ഔദാര്യം അല്ല. എന്നാൽ നിങ്ങളുടെ #അവകാശവുമല്ല. രണ്ടു കൂട്ടരുടെയും നോട്ടം #ലാഭം മാത്രം..

         വായ്പകൾ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ആവശ്യങ്ങൾ വലുതായിരിക്കുകയും അത് നിറവേറ്റാനുള്ള പണം കുറവായിരിക്കുകയും ചെയ്യുമ്പോൾ വായ്പ എടുക്കുന്നതിൽ തെറ്റില്ല. എന്നാൽ, വായ്പകൾ എടുക്കുന്നതിനു മുമ്പ് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും ചില ഗൃഹപാഠങ്ങൾ ചെയ്യാനും തയ്യാറുണ്ടെങ്കിൽ വായ്പാ ചെലവ് ഗണ്യമായി കുറയ്ക്കാം. ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറഞ്ഞ പലിശ നിരക്കിൽ ആകർഷകമായ വായ്പ നേടിയെടുക്കാനാകും:

     അന്വേഷണം ഒരു സ്ഥാപനത്തിൽ മാത്രമായി ഒതുക്കരുത്

വായ്പ ഒരു സ്ഥാപനവും നിങ്ങൾക്ക് നൽകുന്ന #ഔദാര്യമല്ല എന്നതോർക്കുക. അതുപോലെ വായ്പ നിങ്ങളുടെ #അവകാശവുമല്ല. ഇതൊരു #ബിസിനസ് ആണ്. വായ്പ എടുക്കുന്ന നിങ്ങളും നൽകുന്ന ബാങ്കും നോക്കുന്നത് #ലാഭമാണ്. രണ്ടുകൂട്ടരുടെയും നോട്ടം #ലാഭത്തിൽ മാത്രം. നിങ്ങളുടെ ആവശ്യം വലുതായിരിക്കാം. സാവകാശവും കുറവായിരിക്കാം.

എങ്കിലും വായ്പ എടുക്കാൻ ഏതെങ്കിലും ഒരു ബാങ്കിനെ മാത്രം സമീപിച്ച് തീരുമാനം എടുക്കാതിരിക്കുക. പല ബാങ്കുകളിൽ പോയി കിട്ടാവുന്ന രേഖകൾ വാങ്ങി പരിശോധിക്കുക. ഇതിനുള്ള അറിവില്ലെങ്കിൽ അതുള്ള സുഹൃത്തുക്കളുടെ സഹായം തേടുക. പല ബാങ്കുകളുടെ രേഖകൾ വാങ്ങി താരതമ്യം ചെയ്യുക. സംശയമുള്ള കാര്യങ്ങൾ ചോദിച്ചറിയുക. അതിനുശേഷം നിരക്കു കുറയ്ക്കാനും ഫീസ് ഇളവ് തരാനും വിലപേശുക. ആയിരക്കണക്കിന് രൂപ ഇതിലൂടെ ലാഭിക്കാൻ കഴിയും. വായ്പ തരുന്ന സ്ഥാപനമല്ലേ എന്നു കരുതി അവർ പറയുന്ന കാര്യങ്ങളെല്ലാം തല കുലുക്കി സമ്മതിക്കേണ്ടതില്ല.

താരതമ്യം ചെയ്യണം

പല സ്ഥാപനങ്ങളിൽനിന്നും നമുക്ക് ഭവന വായ്പ ലഭിക്കും. ബാങ്കുകൾ, ഹൗസിങ് ഫിനാൻസ് കമ്പനികൾ, ചിട്ടിക്കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങി നിരവധി പേരുണ്ട് നമുക്ക് ഭവന വായ്പ തരാൻ. എല്ലായിടത്തുനിന്നും വിവരങ്ങൾ തേടുക. ഭവന നിർമാണ ചെലവിന്റെ എത്ര ശതമാനം ഓരോ സ്ഥാപനവും തരും? എത്ര നാം സ്വന്തമായി കണ്ടെത്തണം എന്നു കണക്കാക്കുക.

പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ.), പലിശ നിരക്ക് എന്നിവ എത്രയെന്നു മാത്രം തിരക്കി അന്വേഷണം അവസാനിപ്പിക്കരുത്. പ്രോസസിങ് ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചാർജ്, പ്രീ പെയ്മെന്റ് ചാർജ് തുടങ്ങിയവ കൂടി എത്രയെന്ന് പരിശോധിക്കണം. വായ്പയുടെ കാലാവധി, പലിശ നിരക്ക്, ഫ്ളോട്ടിങ്, ഫിക്സഡ്, റീസെറ്റ് പിരീഡ് തുടങ്ങിയവ കൂടി അറിഞ്ഞ ശേഷം വേണം താരതമ്യം ചെയ്യാൻ.

പലിശയിലെ എല്ലാ വിശദാംശങ്ങളും മനസ്സിലാക്കണം

ഇപ്പോഴത്തെ പലിശ നിരക്ക് എത്രയെന്നും ഫ്ളോട്ടിങ്ങിലും ഫിക്സഡിലും നിരക്ക് എത്രയാണെന്നും ചോദിച്ച് മനസ്സിലാക്കണം. ഫ്ളോട്ടിങ് നിരക്ക് ചോദിച്ചറിഞ്ഞ ശേഷം നിരക്കിൽ കൂടുതലോ കുറവോ സംഭവിക്കുമ്പോൾ അത് ഇ.എം.ഐ.യെയും വായ്പാ കാലാവധിയെയും എങ്ങനെ ബാധിക്കും എന്നും അന്വേഷിക്കണം. ഏത് ഇൻഡെക്സ് പ്രകാരമാണ് നിരക്കിൽ വ്യത്യാസം വരുത്തുന്നത് എന്നും അറിയണം.

ഈ ഇൻഡെക്സ് എപ്പോഴാണ് പ്രസിദ്ധീകരിക്കുന്നത് എന്നും ചോദിച്ച് മനസ്സിലാക്കണം. പലിശയ്ക്ക് ഒപ്പം നിങ്ങൾ നൽകേണ്ട ഫീസ്, മറ്റ് ചാർജുകൾ എന്നിവയെല്ലാം കണക്കാക്കി ആനുവൽ പെർസെന്റേജ് റേറ്റ് എന്ന ഒരു നിരക്ക് വാർഷികാടിസ്ഥാനത്തിൽ ബാങ്ക് കണക്കാക്കാറുണ്ട്. എ.പി.ആർ. എന്നറിയപ്പെടുന്ന ഈ നിരക്കും എത്രയെന്ന് ചോദിച്ചറിയണം. ആവശ്യപ്പെടുന്ന ഇടപാടുകാർക്ക് ഇത് നൽകാൻ ബാങ്കുകൾ ബാധ്യസ്ഥമാണ്.

പലിശ നിരക്കിൽ വ്യത്യാസം വരുത്താൻ ബാങ്കുകൾക്ക് അധികാരം നൽകുന്ന റീസെറ്റ് ക്ലോസ് പരിശോധിച്ച് എത്ര വർഷം കൂടുമ്പോഴാണ് ഇത്തരത്തിൽ മാറ്റം വരുത്തുന്നത് എന്ന് മനസ്സിലാക്കണം. അതേ പോലെ ഫ്ളോട്ടിങ് പലിശ നിരക്കിലെ മാർജിൻ ഫിക്സഡ് ആണോ വേരിയബിൾ ആണോ എന്നും അറിയണം. ഇതിനനുസരിച്ച് പലിശ നിരക്കിലും വ്യത്യാസം വരും എന്ന കാര്യം മറക്കരുത്.

എല്ലാ ചാർജുകളും വിശകലനം ചെയ്യണം

ഭവന വായ്പയിൽ പല തരത്തിൽ ബാങ്കുകൾ ഫീസ് ഈടാക്കും. പലർക്കും പ്രോസസിങ് ഫീസിനെക്കുറിച്ച് മാത്രമേ ധാരണയുണ്ടാകൂ. എന്നാൽ ഇനി പറയുന്ന രീതിയിലും ചാർജുകൾ വരാം.

അഡ്മിനിസ്ട്രേറ്റീവ് ചാർജ്

ഡോക്കുമെന്റേഷൻ ചാർജ്

ലേറ്റ് പേയ്മെന്റ് ചാർജ്

വായ്പാ കാലാവധിയിൽ മാറ്റം

വരുത്തുന്നതിനുള്ള ചാർജ്

വായ്പാ കാലാവധിയിൽ വിവിധ

പാക്കേജുകളിലേക്ക് വായ്പ സ്വിച്ച്

ചെയ്യുന്നതിനുള്ള ചാർജ്

കുടിശ്ശിക വന്നാൽ വായ്പ റീസ്ട്രക്ചർ

ചെയ്യുന്നതിനുള്ള ചാർജ്

പലിശ ഫിക്സഡിൽനിന്ന് ഫ്ളോട്ടിങ്ങിലേക്കും മറിച്ചും മാറ്റുന്നതിനുള്ള ചാർജ്

ടെക്നിക്കൽ ഇൻസ്പെക്ഷൻ ചാർജ്

റെക്കറിങ് ആനുവൽ സർവീസ് ഫീസ്

ഡോക്കുമെന്റ് റിട്രീവൽ ചാർജ്

പ്രീ പേയ്മെന്റ് ചാർജ്

ഈ പറഞ്ഞ ചാർജുകളിൽ പലതും വിലപേശിയാൽ ബാങ്കിന് ഒഴിവാക്കി തരാവുന്നതോ കുറച്ചുതരാവുന്നതോ ആണ് എന്ന കാര്യം മറക്കരുത്.

ഓരോ ഫീസിലും എന്തൊക്കെ കാര്യങ്ങളാണ് ഉൾപ്പെടുന്നത് എന്നും വിശദമായി ചോദിച്ച് മനസ്സിലാക്കണം. പലപ്പോഴും ഒട്ടേറെ ഘടകങ്ങൾ ഒരൊറ്റ ഫീസിൽ ഉൾപ്പെടുത്തിയിരിക്കും. മനസ്സിലാകാത്ത ഫീസ് ഏതെങ്കിലും ഉണ്ടെങ്കിൽ വിശദമാക്കിത്തരാൻ ആവശ്യപ്പെടാം. ഇത്തരത്തിൽ ഫീസ് എത്രയെന്നു കൂടി കൃത്യമായി മനസ്സിലാക്കി മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുക.

എത്ര തുക വായ്പയായി നൽകുമെന്ന് അറിയണം

ചില ബാങ്കുകൾ വീടിന്റെ നിർമാണച്ചെലവിന്റെയോ ഫ്ലാറ്റിന്റെ വിലയുടെയോ 15-25 ശതമാനം തുക സ്വന്തമായി കണ്ടെത്തണമെന്ന് വായ്പയെടുക്കുന്നവരോട് നിഷ്കർഷിക്കാറുണ്ട്. അതായത് ഈ തുക കിഴിച്ചുള്ള സംഖ്യയേ വായ്പാ തുകയായി നൽകൂ. മാർജിൻ മണി അഥവാ ഡൗൺ പേയ്മെന്റ് എന്നാണ് ഇതിനു പറയുക. എന്നാൽ ചില ബാങ്കുകൾ മാർജിൻ മണിയുടെ അളവ് കുറച്ചുതരും. പല ബാങ്കുകളുടെ മാർജിൻ മണി നിരക്ക് താരതമ്യം ചെയ്ത് വിലപേശുക. നിങ്ങൾക്ക് ആവശ്യമായ തുക വായ്പയായി കിട്ടിയില്ലെങ്കിൽ അമിത പലിശയ്ക്ക് മറ്റു മാർഗങ്ങളിൽ നിന്നുകൂടി വായ്പ എടുക്കാൻ നിർബന്ധിതമാകുന്ന സാഹചര്യം ഉണ്ടാക്കരുത്.

ഓഫർ ലെറ്റർ വാങ്ങണം

ഏറ്റവും മികച്ച വായ്പ നൽകുന്ന ബാങ്ക് ഏതെന്ന് കണ്ടെത്തിയാൽ പലിശ നിരക്കും ഫീസുകളും എഴുതി തരാൻ ആവശ്യപ്പെടുക. എഴുതിക്കിട്ടിയ നിരക്കുകളിന്മേൽ ഒരിക്കൽ കൂടി വിലപേശുക. അല്ലെങ്കിൽ ഒരു ഫീസിൽ ഇളവ് തന്നശേഷം മറ്റ് ഫീസ് കൂട്ടിവയ്ക്കാൻ സാധ്യതയുണ്ട്. ഡീൽ ഉറപ്പിച്ചുകഴിഞ്ഞാൽ എല്ലാംകൂടി രേഖപ്പെടുത്തിയ ഒരു ഓഫർ ലെറ്റർ നേടുക. അത് പിന്നീട് വിശദമായി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം വായ്പാ സമ്മതപത്രത്തിൽ ഒപ്പിടുക.

സ്വിച്ച് ഓവർ ചാർജും ബാലൻസ് ട്രാൻസ്ഫർ ചാർജും

വായ്പ എടുത്തശേഷം മറ്റ് ബാങ്കുകൾ പലിശ നിരക്കിൽ കുറവു വരുത്തിയിട്ടും നിങ്ങളുടെ ബാങ്ക് കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ എന്തുചെയ്യും? പലിശ കുറഞ്ഞ ബാങ്കിൽനിന്ന്് പുതിയ വായ്പ എടുത്ത് ആദ്യ ബാങ്കിലെ വായ്പ ക്ലോസ് ചെയ്യും. ഇത് തടയാനായി ആദ്യ ബാങ്ക് തന്നെ പലിശ കുറയ്ക്കുന്നതിനുപകരം കുറഞ്ഞ പലിശയിലേക്ക് സ്വിച്ച് ഓവർ ചെയ്യുന്നതിന് അവസരം നൽകും. എന്നാൽ, ഇതിന് ഒരു ചാർജ് അവർ ഈടാക്കും. ഈ നിരക്ക് എത്രയെന്നും ചോദിച്ചറിയണം.

താരതമ്യ പട്ടിക തയ്യാറാക്കുക

മുകളിൽ പറഞ്ഞ വിശദാംശങ്ങൾ തേടിയ ശേഷം എല്ലാ വിവരങ്ങളും താരതമ്യം ചെയ്യുക. നിങ്ങൾക്ക് തൃപ്തികരമായ രണ്ടോ മൂന്നോ സ്ഥാപനങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുക. ഈ സ്ഥാപനങ്ങളിൽ ഒരുവട്ടം കൂടി പോയി നിരക്ക് കുറയ്ക്കാൻ അഭ്യർത്ഥിക്കാം. ഏറ്റവും കുറവ് നിരക്കിൽ വായ്പ നൽകുന്ന സ്ഥാപനവുമായി അവസാനം ബിസിനസ് ഉറപ്പിക്കുക.