റിച്ച് ചെയ്യുന്നത് റിച്ചിനറിയില്ല; പക്ഷെ റിച്ചിന്റെ ലോകറെക്കോഡാണിപ്പോള്‍ ചര്‍ച്ചാവിഷയം

Spread the love

റിച്ച് ചെയ്യുന്നത് റിച്ചിനറിയില്ല; പക്ഷെ റിച്ചിന്റെ ലോകറെക്കോഡാണിപ്പോള്‍ ചര്‍ച്ചാവിഷയം

Spread the love

ഓണ്‍ലൈന്‍ ലോകം ഇപ്പോള്‍ ചര്‍ച്ച നടത്തുന്നത് അമേരിക്കക്കാരന്‍ റിച്ച് ഹംഫറീസിന്റെ ലോക റെക്കോഡിനെ കുറിച്ചാണ് . റിച്ചിന്റെ ലോക റെക്കോഡ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ് കാരണം റിച്ചിന് വെറും ആറ് മാസമാണ് പ്രായം. സാഹസിക കായിക ഇനമായ വാട്ടര്‍ സ്‌കീയിങ് നടത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയാണ് റിച്ചിപ്പോള്‍ നേടിയത്.

യൂട്ടായിലെ പോവെല്‍ തടാകത്തിലായിരുന്നു കുഞ്ഞ് റിച്ചിന്റെ ജലയാത്ര. പ്രത്യേകം തയ്യാറാക്കിയ സ്‌കീയിങ് ബോര്‍ഡില്‍ ലൈഫ് ജാക്കറ്റൊക്കെയിട്ട് വളരെ ഗൗരവത്തോടെ മുന്നിലെ കമ്പിയില്‍ രണ്ട് കയ്യും പിടിച്ച് വെള്ളത്തില്‍ നീങ്ങുന്ന റിച്ചിന്റെ വീഡിയോ മാതാപിതാക്കളായ കേസിയും മിന്‍ഡി ഹംഫറീസും തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചത്. റിച്ചിനൊപ്പം മറ്റൊരു ബോട്ടില്‍ തടാകത്തിലൂടെ സഞ്ചരിക്കുന്ന അച്ഛനേയും വീഡിയോയില്‍ കാണാം.

ആയിരക്കണക്കിന് പേരാണ് റിച്ചിന്റെ വീഡിയോയോട് പ്രതികരിച്ചത്. ട്വിറ്ററില്‍ 76 ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. രണ്ട് വിധത്തിലുള്ള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. റിച്ചിന്റെ പ്രായം ഇത്തരത്തിലുള്ള സാഹസികതയ്ക്ക് അനുയോജ്യമല്ലെന്നും അപകടകരമാണെന്നും കുറേ പേര്‍ വാദിച്ചപ്പോള്‍ എല്ലാ വിധ സുരക്ഷാസംവിധാനങ്ങളോടെയുമാണ് റിച്ചിന്റെ യാത്രയെന്ന് പലരും അനുകൂലിച്ചു.

ആറ് മാസവും പത്ത് ദിവസവും പ്രായമുള്ള ഓബേണ്‍ അബ്‌ഷേര്‍ നടത്തിയ വാട്ടര്‍ സ്‌കീയിങ് ആണ് റിച്ചിന് മുമ്പുള്ള അനൗദ്യോഗിക ലോക റെക്കോഡ്. റിച്ചിന് ആറ് മാസവും നാല് ദിവസവുമായിരുന്നു സ്‌കീയിങ് നടത്തുമ്പോള്‍ പ്രായം.